
ഇന്ത്യക്കാരുടെ നിത്യ ജീവിതത്തിൽ ഇടവിട്ട് കാണുവാൻ സാധ്യതയുള്ള വൃക്ഷമാണ് ചമ്പകം. ഇന്ത്യ ഒട്ടാകെ ഈ വൃക്ഷത്തിന്റെ സാന്നിധ്യം കാണുവാനായി സാധിക്കും. എന്നാൽ ഇത് ഇന്ത്യയിൽ മാത്രം നിലനിൽക്കുന്ന ഒരു വൃക്ഷമല്ല. ഇന്ത്യയുടെ പുരാതന കാലത്തിൽ ചമ്പകത്തിന് നാം ഇന്ന് അതിനു കൽപ്പിക്കുന്നതിലും പ്രാധാന്യം ഉണ്ടായിരുന്നിരിക്കാം.
ജംപുദ്വീപ്
പുരാതന കാലത്തും പുരാണങ്ങളിലും ഇന്ത്യയെ വിശേഷിപ്പിക്കാനായി ഉപയോഗിച്ചിരുന്ന ഒരു പേരാണ് ജംപുദ്വീപ് എന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് പുറമെ ഇന്തോ മലയൻ ദ്വീപ് സമൂഹത്തിനെയും വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പദമായാണ് ജംപുദ്വീപ് കരുതപ്പെടുന്നത്. ജംപുദ്വീപ് എന്ന പേര് ലഭിക്കാൻ വഴിയൊരുക്കിയത് ഈ സ്ഥലങ്ങളിലെ ചമ്പക വൃക്ഷത്തിന്റെ സാന്നിധ്യമാകാം. ജംപുദ്വീപിൽ കണ്ടിരുന്ന വൃക്ഷമായതുകൊണ്ട് ‘ചമ്പകം’ എന്ന നാമം വൃക്ഷത്തിന് നൽകിയതാകാം എന്നും ഒരു വിഭാഗം ചരിത്രകാരന്മാർ വിശ്വസിക്കുന്നുണ്ട്.
എവിടെയൊക്കെ?

മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലും ചമ്പകമെന്ന പേരിൽ തന്നെയാണ് ഈ വൃക്ഷം അറിയപ്പെടുന്നത്. കിഴക്കൻ ഹിമാലയ പ്രദേശങ്ങളിലും അസമിലും പശ്ചിമഘട്ടത്തിലും ഇവ ധാരാളമായുണ്ട്. മ്യാൻമറിലും ചമ്പകം സമൃദ്ധമായി വളരുന്നു. ദക്ഷിണേന്ത്യയിലും ചമ്പകം സ്ഥിരം കാഴ്ചയാണ്.
പ്രത്യേകതകൾ
തണുപ്പുള്ള കാലാവസ്ഥയിലും ഈർപ്പമുള്ള അടിമണ്ണിലും ഈ വൃക്ഷം നന്നായി വളരും. പ്രസാദകരമായ സുഗന്ധമുള്ള ചമ്പക പൂക്കളാണ് ഈ വൃക്ഷത്തിൽ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ധ്യാനിക്കുവാനായി താല്പര്യപ്പെടുന്നവർ ചമ്പക വൃക്ഷത്തിന്റെ ചുവടെ ഇടം കണ്ടെത്തുമായിരുന്നു. അൻപത് മീറ്ററോളം ഉയരം വെക്കുവാൻ ശേഷിയുള്ള വൃക്ഷമാണ് ചമ്പകം.
ഔഷധ ഗുണങ്ങൾ

ആയുർവേദഗ്രന്ഥങ്ങളിൽ പെട്ട ചരക സംഹിതയിൽ ചമ്പകത്തെപ്പറ്റി പരാമർശമുണ്ട്. ബൗദ്ധർ മലേറിയയ്ക്ക് പ്രതിവിധിയായി ചമ്പകത്തിന്റെ തൊലിയും പൂവും ഉപയോഗിച്ചിരുന്നു. ചമ്പകത്തിന്റെ വേര് ഉണക്കിപ്പൊടിച്ച് മോരിൽ കലക്കി ശരീരത്തിൽ നീരുള്ള ഭാഗങ്ങളിൽ തേച്ചാൽ ശമനം ലഭിക്കും. ചുമ, വാതം തുടങ്ങിയ രോഗങ്ങൾക്ക് മരുന്നുണ്ടാക്കുനും പൂക്കൾ ഉപയോഗിക്കും. കണ്ണിന്റെ അസുഖങ്ങൾക്ക് ചമ്പകപ്പൂവിന്റെ നറുമണമുള്ള എണ്ണ ഒരു മരുന്നാണ്.
തടിയുടെ ഉപയോഗങ്ങൾ
ചമ്പക വൃക്ഷത്തിന്റെ കാതലിനു കടും തവിട്ടു നിറമാണ്. ഇത് ചെണ്ട, മദ്ദളം, ഗൃഹോപകരണങ്ങൾ തുടങ്ങിയവ ഉണ്ടാക്കാനുപയോഗിക്കുന്നു. വിറകായും ചമ്പകത്തടി പ്രയോജനപ്പെടുത്താറുണ്ട്. തടിക്ക് കനം കുറവായതിനാൽ കപ്പൽ നിർമ്മാണത്തിനും അനുയോജ്യമാണ്. പക്ഷേ, ഇന്ത്യയിൽ മതപരമായ പ്രാധാന്യത്തെ മാനിച്ച് ചമ്പക മരം മുറിക്കുന്നത് കുറവാണ്.
മതപരമായ പ്രാധാന്യം
ബുദ്ധമതത്തിലും ഹൈന്ദവമതത്തിലും വലിയ പ്രാധാന്യമുള്ള ഒരു വൃക്ഷമാണ് ചമ്പകം. വിഷ്ണു ഭഗവാന്റെ ക്ഷേത്രങ്ങളിലും ചമ്പകം നടുന്നത് ഒരു പതിവാണ്. അമ്പലങ്ങളിൽ പൂജയ്ക്കും, ദർശനത്തിനായി വരുന്ന സ്ത്രീകൾ കേശാലങ്കാരത്തിനും ചമ്പകം ഉപയോഗിക്കാറുണ്ട്. ബുദ്ധമതത്തിൽ, ബോധോദയം അല്ലെങ്കിൽ ബോധി കൈവരിക്കുന്നതിനുള്ള വൃക്ഷമായി ചമ്പകം ഉപയോഗിച്ചതായി പറയപ്പെടുന്നു. ടിബറ്റൻ വിശ്വാസമനുസരിച്ച്, അടുത്ത യുഗത്തിലെ ബുദ്ധൻ ചമ്പകമരത്തിൻ്റെ വെളുത്ത പൂക്കളുടെ മേലാപ്പിന് കീഴിൽ ധ്യാനം ചെയ്യുമ്പോൾ, ജ്ഞാനോദയം നേടും.
നിരാകരിക്കുന്ന വൃക്ഷം
ഒരു വലിയ സമൂഹം നിറയെ, പല രീതിയിലുള്ള സ്വാധീനങ്ങൾ ചെലുത്തുന്ന വൃക്ഷമാണ് ചമ്പകം. ഇന്ന് നാം വഴിയോരങ്ങളിൽ കാണുന്ന, പലപ്പോഴും നിരാകരിക്കുന്ന ചമ്പക പൂക്കൾക്ക് ഒരു കാലത്ത് നമ്മുടെ രാജ്യത്തിന്റെ പേരിനുമേലേക്കു വരെ ഉണ്ടായേക്കാവുന്ന സ്വാധീനത്തെ കുറിച്ച് പൊതുസമൂഹത്തിനു കൃത്യമായ ധാരണയില്ല എന്നതാണ് വസ്തുത.