
ഭൂമിയിൽ പുരാതനകാലം മുതൽ തന്നെ വിനോദത്തിനായും മനുഷ്യന്റെ ഉൾക്കാഴ്ചകൾ പങ്കുവെക്കുന്നതിനായും കലയും സാഹിത്യവും ഉപയോഗിച്ചുവരുന്നു. ഇന്ത്യയിലും കേരളത്തിലും കാര്യങ്ങൾ വ്യത്യസ്തമല്ല. മലയാളം ഒരു താരതമ്യേനെ പുതിയ ഭാഷയാണെങ്കിലും, വളരെ തനതായ സാഹിത്യ ചരിത്രവും പാരമ്പര്യവുമാണ് അവകാശപ്പെടാനായുള്ളത്.
മലയാളത്തിലെ എഴുത്തുകാർ
മലയാള സാഹിത്യത്തിൽ വായനക്കാർ രചയിതാക്കൾക്ക് നൽകുന്ന സ്വീകാര്യത വളരെ പ്രസക്തമാണ്. പുസ്തക പ്രസാധക രംഗത്ത് മാത്രമല്ല, സിനിമയിലും മാധ്യമ രംഗത്തും കേരളത്തിലെ എഴുത്തുകാർക്ക് നൽകുന്ന സ്വീകാര്യതയും അംഗീകാരവും വളരെ ഉയർന്ന അളവിലാണ്. എന്നാൽ, വരുമാനത്തിന്റെ കാര്യത്തിൽ, ഒരു കാലത്ത് മലയാളം എഴുത്തുകാർ ഏറെ പിന്നിലായിരുന്നു.
എഴുത്തുകാരുടെ വരുമാനം
തങ്ങളുടെ കൃതികൾ പ്രസിദ്ധീകരിക്കുന്ന പ്രസാധക സ്ഥാപനങ്ങളിൽ നിന്നുള്ള തുകയായിരുന്നു എഴുത്തുകാർക്ക് ഏക വരുമാനം. പാശ്ചാത്യ രാജ്യങ്ങളിൽ, പ്രസാധകർ ഒരുതവണത്തേക്ക് നൽകുന്ന തുകയ്ക്ക് പുറമെ, വില്പന ചെയ്യുന്ന ഓരോ പുസ്തകത്തിൽ നിന്നുള്ള ലാഭത്തിന്റെ ഒരു നിശ്ചിത ശതമാനം എഴുത്തുകാർക്ക് നൽകുന്ന രീതിയുണ്ട്. ഇതു, എഴുത്തുകാർക്ക് അവരുടെ സർഗാത്മകത ഒരു തൊഴിൽ എന്ന നിലയിൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായകരമാകുന്നു.

കേരളത്തിൽ
ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്ര്യാനന്തര കേരളത്തിലും, പുസ്തകങ്ങൾ പ്രസാധകരുടെ സഹായത്തോടെ പ്രസിദ്ധീകരിക്കുന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പ്രസാധനം ചെയ്താലും, എഴുത്തുകാർക്ക് വാഗ്ദാനം നൽകിയ പണം ലഭിക്കാതെ പോയ സാഹചര്യങ്ങളും ഉണ്ടായിരുന്നു. ഇതിനു പരിഹാരം കാണുന്നതിനായി 1945-ൽ മലയാള സാഹിത്യലോകത്തെ ഒരു കൂട്ടം എഴുത്തുകാർ ഒന്നിച്ചു ചേർന്ന് സാഹിത്യ പ്രവർത്തക സഹകരണ സംഘം ആരംഭിച്ചു.
സാഹിത്യ പ്രവർത്തക കോ-ഓപ്പറേറ്റീവ് സൊസൈറ്റി
സാഹിത്യ പ്രവർത്തക കോ-ഓപ്പറേറ്റീവ് സൊസൈറ്റി, അഥവാ സാഹിത്യ പ്രവർത്തക സഹകരണ സംഘം, മലയാള സാഹിത്യകാരന്മാരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് രൂപവത്കരിച്ചു. കേരളത്തിൽ മികച്ച ഒരു പുസ്തക വിതരണ ശൃംഖലയും ഇവർ പടുത്തുയർത്തി. പുസ്തക രചനയിലേക്ക് ചുവട് വയ്ക്കുന്ന പുതിയ എഴുത്തുകാർക്ക് അവസരം നൽകുന്നതിന് ഒപ്പം, ലൊകത്ത് തന്നെ എഴുത്തുകാർക്ക് മികച്ച റോയൽറ്റി നൽകുന്ന പ്രസാധക സ്ഥാപനമായി എസ്.പി.സി.എസ് മാറി.
നാഷണൽ ബുക്ക് സ്റ്റാൾ
ആരംഭഘട്ടത്തിൽ എഴുത്തുകാർക്കായി ഒരു സംഘടനയായി പ്രവർത്തിച്ച എസ്.പി.സി.എസ്, 1949-ൽ നാഷണൽ ബുക്ക് സ്റ്റാൾ സ്ഥാപിച്ചതോടെ, ഇന്ന് കാണുന്ന നിലയിലേക്ക് വളർന്നു. എസ്.പി.സി.എസിന്റെ ചുവട് പിടിച്ചാണ് മറ്റു പ്രസാധക സ്ഥാപനങ്ങൾ എഴുത്തുകാരെ ആകർഷിക്കാൻ മുതിർന്നത്. മുപ്പതു ശതമാനമാണ് എസ്.പി.സി.എസ് എഴുതുകാർക്ക് നൽകിയ റോയൽറ്റി. നാഷണൽ ബുക്ക് സ്റ്റാളുകൾ സംസ്ഥാനമെങ്ങും പ്രചരിപ്പിച്ചതോടെ മികച്ച വിതരണം ഉറപ്പുവരുത്തി, എസ്.പി.സി.എസ് വിജയത്തിലേക്ക് കുതിക്കുവാൻ വഴിയൊരുക്കി.
പാരമ്പര്യം
കേരളത്തിൽ ഇത്രത്തോളം പ്രസാധക പാരമ്പര്യമുള്ള മറ്റൊരു സ്ഥാപനമുണ്ടോ എന്നത് സംശയകരമാണ്. 9000-ത്തോളം പുസ്തകങ്ങളാണ് എസ്.പി.സി.എസ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. മികച്ച നിർമ്മാണ നിലവാരവും വൈവിധ്യമാർന്ന ശേഖരവും പതിറ്റാണ്ടുകളുടെ പാരമ്പര്യവും എസ്.പി.സി.എസിനെ ഇന്നും ഏറ്റവുമധികം സ്വീകാര്യത ഉള്ള പ്രസാധക സ്ഥാപനമാക്കുന്നു.